Monday, July 15, 2019

Guruthvam [ഗുരുത്വം]

                                     

                                   ഗുരുത്വം എന്ന പദം ഗുരു എന്ന പദത്തിൽ നിന്നും നിഷ്പന്നമാ യതാകുന്നു . ഭാരം, വലിപ്പം ,യോഗ്യതാ സൂചന , ബഹുമാന സൂചന , മഹത്വം എന്നൊക്കെ അർഥങ്ങൾ ഉണ്ട് .

                           ഒരാൾ സാധകനായാലും ലൗകികനായാലും വളരെ അത്യാവശ്യം ആർജ്ജിക്കേണ്ടതും നിമിഷം തോറും പരിപാലിക്കേണ്ടതും ആയ ഗുണ സവിശേഷത ആണ് ഗുരുത്വം . ഗുണം ആയതിനാൽ  ഇത് വ്യക്തിയിൽ പ്രകടമാകുന്നതും  വ്യക്തിയുടെ ചുറ്റുപാടുകളെ സ്വാധീനിക്കുന്നതും ആകുന്നു .  ഗുരുത്വം എന്നത് വ്യക്തിയിൽ സാംലീനമായ മാനേജ്‌മെൻറ് ഗുണം കൂടി ആകുന്നു. ഒരാളെ മറ്റുള്ളവർ ശരിയായി വിലയിരുത്തുന്നത് തന്നെ യാഥാർത്ഥത്തിൽ അയാളുടെ ഗുരുത്വത്തെ മനസ്സിലാക്കിയിട്ടാണ് .  ഗുരുത്വം ഒരു വ്യക്തിയുടെ തീരുമാനങ്ങൾ , കാഴ്ചപ്പാട്, പെരുമാറ്റം , കുലീനത , സംസ്കാരം , പ്രവർത്തി, വിവേകം, പ്രശസ്തി എന്നിവയെ സ്വാധീനിക്കുമെന്നതിനാൽ ഇത് സംബന്ധിച്ച് അല്പം കൂടുതലായി വിശദമാക്കുന്നു .

                                 ഒരു വ്യക്തി ഗുരുത്വം ആർജ്ജിക്കുന്ന രീതി , ഗുരുത്വ ഭേദങ്ങൾ , എന്നിവ ഇനി പറയുന്നു.
1 . ലൗകിക ഗുരുത്വം



                            ഭൗതിക വിദ്യാഭ്യാസം , ധനസമ്പാദനം  , കുടുംബ പരിപാലനം , പദവി ആർജ്ജിക്കൽ ,  എന്നിവയിൽ സദാ വ്യാപാരിച്ച്  സാമൂഹിക ജീവിതം   നയിക്കുന്നവരാണ് ലൗകികന്മാർ . ഇവരിൽ ഭിക്ഷക്കാർ, വിദ്യാർത്ഥികൾ , ഉദ്യോഗസ്ഥന്മാർ, ഗൃഹസ്ഥൻമാർ,  കുലാചാര്യന്മാർ , തുടങ്ങി  ചക്രവർത്തി  വരെ ഉൾപ്പെടുന്നു .  പ്രപഞ്ചത്തിൽ ലൗകികന്മാർ അല്ലാത്തവർ തീരെ വിരളമാണ് .

                             ലൗകികരായ മുതിർന്നവരിൽ നിന്ന് പരിചരണം , നിയോഗം, ശുശ്രുഷ  , അനുസരണ , സേവനം എന്നിവയിലൂടെ സമ്പാദകന് ലഭിക്കുന്ന സവിശേഷ ഗുണമാണ് ലൗകിക ഗുരുത്വം . മുജ്ജന്മങ്ങളിൽ സമ്പാദിച്ച ലൗകിക ഗുരുത്വത്തിൻ്റെ പ്രഭാവമുണ്ടെങ്കിൽ ശ്രെഷ്ഠ  കുലത്തിങ്കൽ നല്ലവരായ കാരണവന്മാരുള്ള ഗൃഹങ്ങളിൽ ജനിക്കുന്നതിന് ഒരു കാരണ മായി തീരും . ലൗകിക ഗുരുത്വം ആർജ്ജിക്കുന്നതിന് ഏറ്റവും നല്ല സമയം ബാല്യകൗമാരയൗവനങ്ങൾ ആകുന്നു.

                    മുതിർന്നവരോടുള്ള ആദരവ് കൂടുന്നതനുസരിച്ച് ലൗകിക ഗുരുത്വവും കൂടുന്നു. കാരണവന്മാരിൽ സാത്വികരും ഉത്തരവാദിത്വമുള്ളവരും വിദ്യാ സമ്പന്നരുമായ ആളുകൾക്കാണ് ഗുരുത്വം കൂടുതൽ ഉണ്ടായിരിക്കുക . സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടാത്ത ഉന്നത പദവി ലഭിക്കുന്നതിലേക്കുള്ള ഒരു കാരണവും കൂടി ആണ് ലൗകിക ഗുരുത്വം . ഉറച്ച വ്യക്തി , ദാമ്പത്യ ബന്ധങ്ങൾക്കും ലൗകിക ഗുരുത്വത്തിൻറെ സ്വാധീനം അത്യാവശ്യമാണ് .

                   ലൗകിക ഗുരുത്വം വർദ്ധിപ്പിക്കുന്ന മറ്റ് ചില വസ്തുതകൾ കൂടി ചുവടെ ചേർക്കുന്നു . സമയ നിഷ്ഠ പാലിക്കുന്നതും , വാക്ക്, ശുചിത്വം എന്നിവ പാലിക്കുന്നതും, മിതവ്യയവും , ഉചിതമായ മറുപടിയും , ഉചിത മായ വസ്ത്രധാരണവും , വാക്കുകൾ കുറച്ച് പ്രവർത്തിയിൽ ശ്രദ്ധിക്കുന്നതും മൗനവും ലൗകിക ഗുരുത്വം വർദ്ധിപ്പിക്കും .

2.  ആചാര്യഗുരുത്വം 



                ആചാര്യനായ ഗുരുവിൽ നിന്ന്  വിദ്യ അഭ്യസിക്കുന്ന കാലയളവിൽ അനുസരണം,  പരിചരണം,  ശുശ്രുഷ , നമസ്കാരം ,  ബഹുമാനം എന്നിവയാൽ ശിഷ്യനിൽ ആചാര്യ ഗുരുത്വം വർദ്ധിക്കുന്നു.

                 ഭാരതീയ ശാസ്ത്ര വിദ്യകളുടെ പഠനം,  പരിശീലനം,  അധ്യാപനം, എന്നിവയിലൂടെയും നാനാ മുഖമായി ആചാര്യ ഗുരുത്വം വർദ്ധിക്കുന്നു. ഗുരുവാകാനുള്ള യോഗ്യത, രാജ ബഹുമാനം,  ഗുരു പദവി,  പ്രയോഗ നൈപുണ്യം,  എന്നിവക്കെല്ലാം ആചാര്യ ഗുരുത്വം അത്യാവശ്യം ആണ്. 

3.  ആധ്യാത്മിക ഗുരുത്വം 



                             ശ്രുതിസ്മൃതി പുരാണ പഠനം, ഭഗവദ് സേവ , പൂജ , സത്‌സംഗം, തത്വ ചിന്തനം, ക്ഷേത്രദർശനം  , തീർത്ഥാടനം, ന്യായശാസ്ത്ര പഠനം,   നീതി സാരഗ്രൻഥങ്ങളുടെ പഠനം,  എന്നിവയും ഭക്തി ശ്രദ്ധയും, സമ്പ്രദായങ്ങളുടെ പരിപാലനവും ആധ്യാത്മിക ഗുരുത്വം വർദ്ധിപ്പിക്കുന്നു.  ലൗകികവും അസുഖകരവുമായ സംസാര ദുഖങ്ങളിൽ നിന്നും മുക്തി ഉണ്ടാകുന്നതിന് ആധ്യാത്മിക ഗുരുത്വം അത്യാവശ്യമാകുന്നു.

4.   ആധ്യാത്മിക സാധനാ ഗുരുത്വം 



                          ആചാര്യമുഖേന സിദ്ധമായ മന്ത്രങ്ങളുടെ യഥാവിധി ഉച്ചാരണം, പ്രാണായാമം,  യോഗവിദ്യ,  പൂജ,  ഹോമം,  യാഗം,  ആധ്യാത്മിക യജ്ഞങ്ങൾ, സന്ധ്യാവന്ദനം,  ഇഷ്ടദേവതാ ഭജനം,  തീർഥാടന യജ്‌ഞം എന്നിവയാൽ സാധനാ ഗുരുത്വം വർദ്ധിക്കുന്നു. ദേവതാ പ്രീതി , വരം , അതിഭൗതിക സിദ്ധികൾ , അതീന്ദ്രിയാനുഭൂതി , പാപനാശനം , ദോഷപരിഹാരങ്ങൾ എന്നിവയെ സ്വാധീനിക്കുന്ന ഘടകമാണ് സാധനാ ഗുരുത്വം .

5 . വിദ്യാഗുരുത്വം 

          ഒരു പ്രത്യേക വിഷയത്തിലെ ഉയർന്ന പഠനവും കാര്യഗ്രഹണശേഷിയും പാഠന മികവും ഗ്രന്ഥരചനാശേഷിയും മറ്റും സ്വപ്രയത്‌നത്താൽ  ആർജ്ജിക്കുമ്പോൾ ഉണ്ടാകുന്നത് വിദ്യാഗുരുത്വം . 

6 .  നൈമിത്തിക ഗുരുത്വം 


           പണ്ഡിതർക്ക് ചെയ്യുന്ന ഉചിതമായ സേവനങ്ങൾ കൊണ്ട് അവരുടെ പ്രീതിയിൽ നിന്നും നൈമിത്തിക ഗുരുത്വം വർദ്ധിക്കുന്നു.  വിശേഷ അവസരങ്ങളിലും ആപത് ഘട്ടങ്ങളിലും ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകമാണ് നൈമിത്തിക ഗുരുത്വം. പണ്ഡിതന്മാർ രചിച്ച വിശേഷ  ഗ്രന്ഥങ്ങളുടെ പാരായണം,  പരിപാലനം, അധ്യാപനം എന്നിവയിലൂടെയും നൈമിത്തിക ഗുരുത്വം വർദ്ധിക്കുന്നു.

7 .  രാജഗുരുത്വം 
                                             രാജാവ്, കോടതി, ന്യായാധിപന്മാർ, ഉദ്യോഗസ്ഥർ , കാലീനമായ നിയമ വ്യവസ്ഥകൾ , കല്പിതമായ പദവികൾ  തുടങ്ങിയവക്ക് അവരുടെ പദവിക്ക് അനുസൃതമായി ഗുരുത്വം ഉണ്ട്.  അവരുടെ ശാസനങ്ങൾ പാലിക്കുന്നത് രാജഗുരുത്വം വർദ്ധിപ്പിക്കും . രാജഗുരുത്വം  സമുദായ നേതൃത്വത്തിനും ധന സമ്പാദനത്തിനും ഉതകുന്നത് ആകുന്നു.  രാജഗുരുത്വം തീരെ കുറഞ്ഞാൽ  ഒരുവൻ വിപ്ലവ, കലാപ ശ്രമങ്ങളുമായി മുന്നോട്ട് പോകും . രാജഗുരുത്വമില്ലാത്തവൻ രാജാവായാൽ രാജ്യത്ത് എന്നും കലാപവും കൊള്ളി വപ്പും അധികാര തർക്കങ്ങളും സംഭവിച്ചു കൊണ്ടിരി ക്കും . രാജഗുരുത്വമില്ലാത്തവൻ പ്രജയാണെങ്കിൽ അവന് സ്ഥിരം വ്യവഹാര ങ്ങളും , തൊഴിൽ നഷ്ടവും ധന നാശവും , രാജകോപവും , കർമ്മരംഗത്ത് പ്രയാസങ്ങളും നേരിടേണ്ടി വരും . 

8 .  നിപുണ ഗുരുത്വം 

                 കരകൗശല വിദഗ്ധർ,  വിവിധ നിർമ്മാണ വിദഗ്ധർ, കലാ പ്രതിഭകൾ  തുടങ്ങിയവരിൽ നിന്ന് ആർജ്ജിതമാകുന്നത് നിപുണ ഗുരുത്വം.  തൊഴിൽ നൈപുണ്യത്തെ സ്വാധീനിക്കുന്നു . പരാശ്രയം കുറക്കുന്നു . 

                                                                      ലഘുത്വം 
    
                        ഗുരുത്വം പോയാൽ ലഘുത്വം ബാധിക്കും  . ഗുരുത്വം ഉയർച്ചക്ക് കാരണമാകുമ്പോൾ ലഘുത്വം സാംസ്കാരികവും സാമൂഹികവും ആയ അധ : പതനത്തിനും കാരണമാകുന്നു.

                         തെറ്റായ തീരുമാനങ്ങൾ,  കൈയബദ്ധങ്ങൾ ,വിധേയത്വം, ദൗർബല്യങ്ങൾ, അശ്രദ്ധ,  അനിയന്ത്രിതാവസ്ഥ, മറവി ,  അജ്ഞാനം ,  മനോരോഗങ്ങൾ,  അന്യ വിദ്വ്‌വേഷം,  ആത്മനാശം തുടങ്ങി എല്ലാ വിധ പതനങ്ങൾക്കും ലഘുത്വം കാരണമാകും.

                 ലഘുത്വം ബാധിച്ചവനോട് സംസാരിക്കുവാനോ ഏതെങ്കിലും വിധത്തിൽ  ബന്ധം വക്കുന്നതിനോ സജ്ജനങ്ങൾ മുതിരുകയില്ല. ലഘുത്വം ബാധിച്ചവർക്ക് പൊതുവെ എല്ലാറ്റിനോടും ഒരു തരം പുച്ഛം ആയിരിക്കും. പരനിന്ദക്ക് പുറമേ അവർ ആത്മനിന്ദ കൂടി ചെയ്തു കൊണ്ടാണ് സംസാരിക്കുക. എന്തിലും ഏതിലും വഴക്കിടുകയും എല്ലാത്തിനെയും ചോദ്യം ചെയ്യുകയും ചെയ്യും.  ഇന്ന്  തന്റെ നിലപാട് ഇന്നതെങ്കിൽ നാളെ മറ്റൊന്ന് എന്നിങ്ങനെ ഗുരുത്വം കെട്ടവർ ഒന്നിലും ഉറച്ച് നിൽക്കുകയില്ല.   മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളിൽ ഒരു തരം സുഖവും ഇവർക്ക് അനുഭവപ്പെടും.
                                  മുജ്ജന്മങ്ങളിലെ  ഗുരുത്വ നാശം ഹേതുവായി ശരിയായ ഉപദേശങ്ങളും രക്ഷാ കർത്തൃത്വവും ഇല്ലാതെ ഒരു ജന്മം മുഴുവൻ തീർക്കേണ്ട അവസ്ഥ വരെ ചിലർക്ക് സംജാതമാകാറുണ്ട്. അത്തരത്തിൽ പെട്ടാൽ ഗുരുത്വ വർദ്ധനയ്ക്ക് മേല്പറഞ്ഞത് എന്തെല്ലാമോ അതെല്ലാം ചെയ്തു വരേണ്ടതാണ്. ലഘുത്വം പരിധി വിടുമ്പോൾ ശാപത്തിനും അത് മൂലമുള്ള ദുരനുഭവത്തിനും കാരണമാകും  . വലുതായ തെറ്റുകൾക്ക്  ഉടൻ  ദണ്ഡ നമസ്കാരം ചെയ്ത് പ്രതിവിധി തേടണം .

          ചെറുപ്പം മുതൽക്കുള്ള ലഘു സ്വഭാവം ലോകാക്രോശത്തിനും ശാപങ്ങൾക്കും വഴി വക്കുമെന്നതിനാലും  അതിലൊരു പങ്ക് രക്ഷിതാക്കൾക്കും വിഹിതമാകുമെന്നതിനാലും കുട്ടികളിൽ  ലഘു സ്വഭാവം ഉണ്ടാകാതിരിക്കാനും  ഗുരുത്വം വർദ്ധിപ്പിക്കുന്നതിനും   രക്ഷാകർത്താക്കൾ അതീവ ശ്രദ്ധ ചെലുത്തേണ്ടതാകുന്നു .

ജാതകത്തിലെ ഗുരുത്വം 

                ജാതകത്തിൽ വ്യാഴം ആധ്യാത്മിക, ആചാര്യ ഗുരുത്വങ്ങളുടെയും , സൂര്യ ചന്ദ്രന്മാർ ചൊവ്വ ,  ബുധൻ ,ശുക്രൻ ,  ശനി എന്നിവർ ലൗകിക ഗുരുത്വ ത്തിന്റെയും ബുധൻ ,ശുക്രൻ എന്നിവർ നിപുണ ഗുരുത്വത്തിന്റെയും  ബുധൻ  വിദ്യാ നൈമിത്തിക ഗുരുത്വത്തിന്റെയും      സൂര്യൻ  രാജഗുരുത്വത്തിന്റെയും കാരകത്വം വഹിക്കുന്നു . രാശി  നവാംശകങ്ങളിൽ  ബലവാനായി ശുഭയോഗദൃഷ്ടിയോടെ കേന്ദ്ര ത്രികോണങ്ങളിലും  പതിനൊന്നാമിടത്തും  നിൽക്കുന്ന ഗുരുത്വ കാരക ഗ്രഹം  തജ്ജന്മത്തിലെ ഗുരുത്വയോഗസിദ്ധി കളെയും  സൂചിപ്പിക്കുന്നു . ജാതകത്തിൽ വ്യാഴം ബലവാനായി കേന്ദ്ര ത്രികോണങ്ങളിലും  പതിനൊന്നാമിടത്തും  നിന്നാൽ സാധകൻറെ  അർഹതക്കനുസരിച്ച് യഥാ സമയം തന്നെ യോഗ്യനായ ഗുരു പ്രാപ്തനാകും .
         
                          കാരക ഗ്രഹങ്ങൾ ലഗ്നാൽ 6 ,8 ,12 എന്നിവിടങ്ങളിൽ നിന്നാൽ വിശേഷിച്ച് ശുഭായോഗ ദൃഷ്ടികൾ ഇല്ലാതെ വരികയും ചെയ്‌താൽ ഗുരുത്വ ദോഷം കൊണ്ടുള്ള ശിക്ഷാ നടപടികൾക്കും എതിർപ്പുകൾക്കും വിധേയ മാകും . ഈ ഗ്രഹങ്ങൾ പാപ ഗ്രഹയോഗം ചെയ്‌താൽ പരിഹാരം ചെയ്യുക പ്രയാസകരമായിരിക്കും .


               കാരകന് നീചം, മൗഡ്യം , ഗ്രഹണം , പാപമധ്യ സ്ഥിതി , രാഹു,കേതു , ഗുളികൻ എന്നീ പാപ യോഗ ദൃഷ്ടി , ഇവ വന്നാൽ ഗുരുത്വ ദോഷത്തിന് പുറമെ പ്രാരാബ്ധമായി അനുഭവിക്കേണ്ട ദോഷ ഫലങ്ങളെയും ദുർ യോഗങ്ങളെയും  കൂടി സൂചിപ്പിക്കുന്നു. രാഹു,കേതു , ഗുളികൻ എന്നിവരും ബലഹീനരായ ശനി , ബുധൻ , ചൊവ്വ,സൂര്യൻ എന്നിവരും ലഗ്നവുമായി ബന്ധപ്പെട്ടാൽ ലഘുത്വ ബാധയുള്ള വ്യക്തി [ഗുരുത്വം കെട്ടവൻ ]   ആയി തീരും .

ഗുരുത്വം - പൊതുവായ സംഗതികൾ 
         
           ഇങ്ങനെ ഗുരുത്വ ദാതാക്കളും ഗുരുത്വവും പല വിധത്തിൽ പ്രത്യക്ഷവും അനുഭവ വേദ്യവും ആകുന്നു.  ഓരോ ഗുരുത്വ ഭേദങ്ങൾക്കും അതാതിന്റെ സ്വത്വവും പരിമാണവും ഗുണ വൈവിധ്യങ്ങളും ഉള്ളതിനാൽ ഒന്നിന് മറ്റൊന്ന് പരിഹാരമാകില്ല. വ്യക്തികൾക്കനുസരിച്ച് ഇവയിൽ ഓരോന്നിലും ഏറ്റക്കുറച്ചിൽ ഉണ്ടാകുകയും ചെയ്യും.  അതാത് ദിനങ്ങളിൽ നിർവ്വഹിക്കുന്ന കർമ്മങ്ങളോടൊപ്പം കർമഫലം ഉണ്ടാകുന്നതിന് പുറമേ ഗുരുത്വത്തിൽ മാറ്റം വന്നുകൊണ്ടേയിരിക്കുകയും ചെയ്യും.  കർമ്മഫലം ഒരുവന്റെ യോഗ്യത അനുസരിച്ച് ഈ ജന്മത്തിലോ അടുത്ത ജന്മത്തിലോ ആകും ഫലിക്കുക. എന്നാൽ ഗുരുത്വ വിത്യാസം കർമ്മം പൂർത്തിയായ ഉടൻ തന്നെ പ്രാബല്യ ത്തിൽ വരുന്നു എന്ന സവിശേഷത ഉണ്ട്.  കർമ്മഫലം,  അർഹത,  യോഗം എന്നിവ മറ്റൊരു അവസരത്തിൽ വിശദമാക്കാം. 

           ഉയർന്ന ഗുരുത്വമുള്ളയാളോട് ബഹുമാന പുരസ്സരം പെരുമാറുമ്പോൾ ഗുരുത്വം ഉയരുകയും അവരെ നിന്ദിക്കുകയോ പരിഹസിക്കുകയോ ചെയ്‌താൽ ഗുരുത്വം നഷ്ടപ്പെടുകയും ചെയ്യും.  സാധകൻറെ ഉയർന്ന ആധ്യാത്മിക സാധനാ ഗുരുത്വത്തെ  സാധകന്റെ  പ്രാർത്ഥനക്കും യോഗ്യതക്കും അനുസരിച്ച് വരം ആയി പരിവർത്തിപ്പിക്കുവാൻ  ദേവതകൾക്ക്  കഴിയും .

കലികാലത്തെ ഗുരു ശിഷ്യ ബന്ധങ്ങൾ 

                   കലികാലത്തിൽ ഗുരുത്വമുള്ള ആചാര്യ ഗുരുക്കന്മാരെയും മുതിർന്നവരെയും കണ്ടെത്തുവാൻ പ്രയാസമായി വരികയാണ് .  വിദ്യ സ്വന്തമാണെന്ന് ഭാവിക്കുക , ശിഷ്യനോട് അസൂയപ്പെടുക , ഗുരുദക്ഷിണ വാങ്ങാതിരിക്കുക , ദക്ഷിണ വാങ്ങിയിട്ടും ശിഷ്യനെ ഋണ ബാധ്യതയിൽ നിന്ന് മുക്തമാക്കാതിരിക്കുക , ശിഷ്യനെ കൊണ്ട്  അന്യായവും  വിധി നിഷേധപരവും ആയ കർമ്മങ്ങൾ ചെയ്യിക്കുക ശാരീരികമോ മാനസികമോ ആയി ചൂഷണം ചെയ്യുക എന്നിവയൊക്കെ ചെയ്തുവരുന്നവരായ ആളുകളുടെ കീഴിൽ കുട്ടികളെ പഠനത്തിന് വിടാതിരിക്കാൻ രക്ഷിതാക്കൾ വളരെ ശ്രദ്ധിക്കണം . അതുപോലെ ശിഷ്യന്മാർ ആചാര്യഗുരുവിൻറെ സാമ്പത്തികം   , സുസ്ഥിതി, സത്‌കീർത്തി , കുലം , യശസ്സ് എന്നിവയെ ബാധിക്കുന്ന ഒരു വാക്കോ കർമ്മമോ പ്രയോഗിക്കാതെയുമിരിക്കണം . വിദ്യാ വിനയ സമ്പത്തുള്ളയാളും , വക്ര ബുദ്ധി, കാപട്യം എന്നിവ ഇല്ലാത്തയാളുമായ ഒരാളെയാണ്  ഗുരുവായി വരിക്കേണ്ടത് . അതാത് മേഖലയിലെ  ആചാര്യ ഗുരുവിൻറെ പരിപൂർണ അനുഗ്രഹമില്ലെങ്കിൽ ആ മേഖലയിൽ ശോഭിക്കാനാകില്ല .

                          കലികാലത്ത് ആചാര്യ ഗുരുക്കന്മാർ തീരെയില്ലാതാകുകയും  ധന സമ്പാദനത്തിനായി 'പഠിപ്പിക്കൽ' ഒരു ജോലി മാത്രമായി കാണുന്ന ആളുകൾ എല്ലായിടത്തും  രംഗത്ത് വരികയും ചെയ്യും . ഇപ്പോൾ ആ സ്ഥിതി ആയിക്കഴിഞ്ഞു .  യഥാർത്ഥ ഗുരു കാരണവന്മാരെ  ലഭിക്കുന്നില്ലെങ്കിൽ  വിഷമിക്കേണ്ടതില്ല . ഗുരുക്കന്മാർ  മഹർഷിമാരും ആചാര്യന്മാരും  രചിച്ച  ഗ്രന്ഥരൂപത്തിൽ നിലനിന്ന് കൊണ്ട് ഇന്നും നമ്മെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു.  ഗ്രന്ഥങ്ങളിൽ നിന്നും പരമാവധി കാര്യങ്ങൾ പഠിച്ചും എഴുതി വച്ചും പരിശീലിക്കുകയും ചെയ്ത ശേഷം പണ്ഡിത സഹവാസത്തിന് ശ്രമിക്കുക . കാലേന നൈമിഷികഗുരുവിൽ നിന്ന് വിദ്യ പൂർണ്ണമാകാനുള്ള  വിവരങ്ങൾ ലഭിക്കുക തന്നെ ചെയ്യും .



                         ''ശിവേ രുഷ്ടേ ഗുരുസ്‌ത്രാതാ ഗുരൗ  രുഷ്ടേ ന കശ്ചന''

[സംഹാര മൂർത്തി ആയ ശിവൻ കോപിച്ചാൽ കൂടി രക്ഷിക്കാൻ ഗുരു നാഥനുണ്ട് . എന്നാൽ ഗുരു കോപിച്ചാൽ രക്ഷിക്കുവാൻ ആരും കാണില്ല . - പരമശിവൻ  -  വാമകേശ്വര    തന്ത്രം ] .




                       









No comments:

Post a Comment